Saturday, December 13, 2008

പൂച്ച പൂലിയായപ്പോള്‍

ഇങ്ങിനെയൊക്കെ ചെയ്‌തപ്പോള്‍ പുറത്തുചാടിച്ച ആ കരിംപൂച്ച ഒര്‌ ഒന്നൊന്നര കരിപൂലിയാണെന്ന്‌ കള്ളിക്ക്‌ പുറത്തു നിന്ന്‌ തെളിയിച്ചു കൊണ്ടിരിക്കുകയാണോ ? -അപ്പുലിക്ക്‌ മുറിവേറ്റാല്‍ പിന്നെ പറയുകയും വേണ്ടല്ലൊ

അതേ, നീതിബോധമുള്ളവന്‍ എന്നും ഒരു പുലിയാണെന്നാണ്‌ കാലം തെളിയിച്ചത്‌। അതൊരു കമ്മ്യൂണിസ്റ്റുപാര്‍ട്ടി വിചാരിച്ചാലും തിരുത്താന്‍ പറ്റില്ല. കെ. സുരേഷ്‌കുമാര്‍ എന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥന്‍ സത്യസന്ധമായ പ്രവര്‍ത്തനങ്ങളിലൂടെ മലയാളി മനസ്സിലെ ഉറങ്ങാത്ത നീതിബോധത്തിന്‌ തെളിവായി മാറുന്നു. കുറച്ചൊരു തീവ്രവാദിയാണോ മൂപ്പരെന്ന്‌ പണ്ടേ, പര്‍ട്ടിക്കാര്‍ കുശുകുശുത്തിരുന്നു. സത്യസന്ധതക്ക്‌ തീവ്രവാദം എന്നൊരു മറുപേരുണ്ടെന്നും ഇതും തെളിയിച്ചു.

സിബിഐ ലവ്‌ലിന്‍ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തെിനിടെ പുതിയ കാലത്തിന്റെ പ്രവാചകനാവാന്‍ പെടാപാടുപെടുന്ന പിണറായി സഖാവിനുവേണ്ടി പാര്‍ട്ടി മേധാവി പി। ജയരാജന്‍, ഈ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ പോയി സിബിഐയെ സ്വാധീനിച്ചെന്ന്‌ വെളിപാട്‌ പറയുന്നു. ഇടക്കിടെ ഡല്‍ഹിക്ക്‌ പറക്കുന്ന പാര്‍ട്ടി സഖാക്കള്‍ നേര്‍ വിപരീതമായി സിബിഐയെ സ്വാധിനിച്ചെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതൊരു 'പിന്തിരിപ്പന്‍ ', 'മൂരാച്ചി' പറച്ചിലായി പോവും.

കേരളത്തിലെ ഏതൊരു സാധാരണക്കാരനുമുള്ള താല്‍പര്യം മാത്രമേ ഇക്കാര്യത്തില്‍ തനിക്കുള്ളു എന്ന്‌ സുരേഷ്‌കൂമാര്‍ ആണയിട്ടു പറയുന്നു. ഈ പറച്ചിലാണല്ലൊ പാര്‍ട്ടിക്കാരെ ഭയപ്പെടുത്തുന്നതും. ഏതൊരു സാധാരണക്കാരനും തെറ്റു ചെയ്‌തവര്‍ ശിക്ഷിക്കപ്പെടണം എന്നേ ആഗ്രഹിക്കുന്നുള്ളു. ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ പ്രതികളായ ഈ കേസും അഭയകസുപോലെ പണത്തിന്റേയും രാഷ്ട്രീയസ്വാധീനത്തിന്റേയും പേരില്‍ ഇഴഞ്ഞുപോവരുതെന്ന പൊതുജനഹിതം സ്വാഭാവികം.

കരിങ്കണ്ണന്റെ പ്രവചനം പോലെ, `വി.എസ്‌. നേതൃത്വത്തിലേക്ക്‌ വന്നാല്‍ പാര്‍ട്ടി സഖാക്കള്‍ അഴിയെണ്ണേണ്ടിവരും' എന്ന 2006 മാര്‍ച്ചില്‍ നടന്ന സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ എളമരം കരീം നടത്തിയ പ്രസംഗം, അച്ചിട്ടപോലെ ശരിയായി മാറുമോ എന്നാണ്‌ ഇപ്പോള്‍ പാര്‍ട്ടി സഖാക്കളുടെ പേടി. പുലിവാലു പോലെ കിളിരൂര്‍ കേസും ദുരൂഹതകള്‍ക്കും വാദകോലാഹലങ്ങള്‍ക്കും അപ്പുറം സത്യം മറ നീക്കി പുറത്തു വരാനുള്ള വെമ്പലിലാണ്‌.

പിന്‍കുറി : സുരേഷ്‌കുമാറിനെപോലെ ചില ചെറുവിരലുകള്‍, വ്യവസ്ഥിതിയെ തിരുത്താന്‍ വ്യക്തിക്ക്‌ പറ്റില്ലെന്ന കമ്മ്യൂണിസ്റ്റ്‌ വാചകമടിയെ തിരുത്തുമോ ?