Thursday, January 29, 2009

രക്തസാക്ഷിദിനം





ചിത്രം : ഗൂഗിള്‍ SEARCH






ശിഖരങ്ങളില്ലാതെ ഒറ്റക്കൊരു ഊക്കന്‍ തെങ്ങു പോലെ ആകാശത്തോളം ഉയര്‍ന്നുനില്‍ക്കാന്‍ മനുഷ്യനാവില്ലല്ലൊ. ഒട്ടനവധി ശിഖരങ്ങളും ആഴങ്ങളില്‍ വേരുകളുമായാണ്‌ നമ്മുടെ നിലനില്‍പ്‌.. അതു കൊണ്ടാവാം മറ്റു ചില ജീവികളെ പോലെ ജനിച്ചപ്പൊഴെ നമ്മള്‍ മൂടും തട്ടി ഇറിങ്ങിയോടാത്തത്‌. ചുറ്റുപാടുള്ളവരുടെ സഹായം കൂടാതെ മനുഷ്യനു നിലനില്‍പില്ലാത്തതുകൊണ്ട്‌ നാം 'സാമൂഹിക മൃഗ'മായി.

പോസിറ്റീവോ നഗറ്റിവോ ആയികൊള്ളട്ടെ ഓരോ മനുഷ്യനും അറിഞ്ഞോ അറിയോതെയോ ഒരു സാമൂഹജിവി എന്ന നിലയിലുള്ള ദൗത്യം നിര്‍വ്വഹിക്കുന്നു.

തന്റേയും സഹജീവികളുടേയും വരാനിരിക്കുന്ന തലമുറകളുടേയും സന്തോഷത്തിനും നന്മ നിറഞ്ഞ ജീവിതത്തിനുമായി ബോധപൂര്‍വ്വം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനിടയില്‍ കൊല ചെയ്യപ്പെട്ടവരൊട്ടനവധി. രക്തസാക്ഷികളായി പരിഗണിക്കപ്പെടുന്ന ആ ഒരു പരമ്പരയുടെ പ്രവര്‍ത്തനഫലമാണ്‌ നാം ഇന്ന്‌ അനുഭവിക്കുന്ന പല സൗകര്യങ്ങളും സ്വാതന്ത്ര്യവും എന്നു പറഞ്ഞാല്‍ അത്‌ ഒരു അതിശയോക്തി ആവില്ല. നേരിട്ടുള്ള സാമൂഹിക പ്രവര്‍ത്തനം മാത്രമല്ല, സയന്‍സ്‌, സാങ്കേതികം, ദര്‍ശനം തുടങ്ങി എത്രയോ വിപുലമാണ്‌ അതിന്റെ മേഖല. അതിന്റെയൊക്കെ പരീക്ഷണ ശാലകളില്‍ മനുഷ്യസമൂഹത്തിനുവേണ്ടി പൊലിഞ്ഞുപോയവര്‍ എത്രയോ പേര്‍.

ചില നന്മകള്‍ സമൂഹത്തില്‍ സ്ഥാപിക്കാന്‍മാത്രമായിരുന്നില്ല, ചില തിന്മകള്‍ക്ക്‌ ഇടം നല്‍കാതിരിക്കാനും ചിലപ്പോള്‍ രക്തസാക്ഷിത്വങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നു. ഒരു അമ്പതു വര്‍ഷക്കാലത്തേക്കെങ്കിലും ഇന്ത്യന്‍ ഭരണ മേഖലയില്‍ നിന്നും കാവി ഫാസിസ്റ്റുകളെ അകറ്റിമാറ്റാന്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം കൊണ്ട്‌ കഴിഞ്ഞു.

അധികാരത്തിനോട്‌ പുറം തിരിഞ്ഞുനടന്ന ആ മഹാത്മാവിന്റെ രക്തസാക്ഷിദിനത്തില്‍, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ മനസ്സ്‌ നമിക്കട്ടെ.

Friday, January 23, 2009

ഈ ദുര്‍ഭൂതങ്ങളെ കടലിലെറിയുക

സംഘടിത ശക്തികൊണ്ടും ബലപ്രയോഗത്തിലൂടേയും തെറ്റുകളെ ന്യായികരിച്ച്‌ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള കുനിഷ്ടത്തരം നന്നായിട്ടറിയാവുന്നവരാണ്‌ ഇന്ത്യയിലെ കക്ഷിരാഷ്ട്രീയക്കാരും സംഘടിത മതശക്തികളും. ഒരു ശങ്കരാചാര്യര്‍ ബലാല്‍സംഗവീരനായും കൊലപാതകിയായും പിടിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ പോലും യാതൊരു ലജ്ജയുമില്ലാതെ ഹര്‍ത്താലാചരിച്ചു, 'ഭാരത്‌ മാതാ കീ...' വിളിക്കുന്ന ബിജെപിക്കാരന്‍. പെണ്‍വാണിഭകേസില്‍ കുടുങ്ങിയ കുഞ്ഞാലിക്കുട്ടിനെ ന്യായീകരിക്കാന്‍ മുസ്ലീംലീഗുകാരന്‍ കാട്ടികൂട്ടിയ കോപ്രായങ്ങളെല്ലാം സമീപകാല ചരിത്രം. അഭയകേസില്‍ പ്രതികളായി പാതിരിമാര്‍ പിടിക്കപ്പെട്ടപ്പോള്‍ എല്ലാതരം ക്രൈസ്‌തവ മൂല്യങ്ങളേയും കാറ്റില്‍ പറത്തി അവരെ ന്യായീകരിക്കാനിറങ്ങി പള്ളിക്കാരു മുഴുക്കെ. ഉന്നത മതമൂല്യങ്ങളെ, രാഷ്ട്രീയ ദര്‍ശനങ്ങളെ ചില വ്യക്തികള്‍ വൈകൃതത്തിലെത്തിക്കുമ്പോള്‍ അതിനെ ന്യായീകരിക്കേണ്ട ഗതികേടില്‍ രാഷ്ടീയക്കാരും മതക്കാരും എത്തുന്നുവെങ്കില്‍ ചരിത്രപരമായി അത്തരം ദര്‍ശനങ്ങളുടേയും വിശ്വാസങ്ങളുടേയും തകര്‍ച്ചയേയാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌.



പിന്നില്‍ സംഘടിത ശക്തിയുണ്ടെങ്കില്‍ ഏതു തെറ്റും ന്യായീകരിക്കാം, ശരിയായി ചിത്രീകരിക്കാം എന്ന ദയനീയ അവസ്ഥക്ക്‌ അവസാന തെളിവായി മാറുന്നു ലാവ്‌ലിന്‍ കേസിലുള്ള സി.പി.എം. നിലപാട്‌. പിന്തുണ പിന്‍വലിച്ചതിന്‌ കേന്ദ്രം പക വിട്ടുകയാണെന്ന്‌ പോളിറ്റ്‌ബ്യൂറോ. പിന്തുണ കൊടുത്തപ്പോള്‍ ഏതെല്ലാം കേസുകള്‍ മുക്കി എന്നു സാധാരണക്കാരന്‍ തിരിച്ചുചോദിച്ചാല്‍ എന്തു മറുപടിയാവും സഖാക്കളുടെ പക്ഷത്തു നിന്നുണ്ടാവുക ?



സി.പി.എം. 'നവകേരള' യാത്ര തുടങ്ങുകയാണത്രെ. പ്രധാന പരിപാടി കേരളത്തെ നവോന്മേഷത്തിലെത്തിക്കുകയല്ല, അഴിമതിക്കാരനെ ആനയും അമ്പാരിയും വെച്ച്‌ എഴുന്നള്ളിക്കുകയാണ്‌. കമ്മ്യൂണിസ്റ്റുകാരനെങ്ങിനെ ഇത്രത്തോളം ലജ്ജയില്ലാതായി പോയി ?



ഇന്ത്യയിലെ ജനാധിപത്യ സമ്പ്രദായങ്ങള്‍ക്കുളളിലായതകൊണ്ടല്ലെ ഇവരുടെ ഇക്കളിയൊക്കെ പുറത്തായതും അതൊന്നു ചുണ്ടിക്കാണിക്കാന്‍ നമുക്കൊക്കെ അവസരം കിട്ടിയതും. ഒരു കമ്മ്യൂണിസ്റ്റ്‌ ഇരുമ്പുമറക്കുള്ളിലായിരുന്നുവെങ്കില്‍ ചെഷസ്‌ക്യുവിനെപോല സ്വര്‍ണ്ണപാദുകവുമണിഞ്ഞ്‌ പിണറായി വിലസില്ലായിരുന്നോ. (പകരം ഇവിടെ ജനാധിപത്യ പഴുതുകളെ ഉപയോഗിച്ചുകൊണ്ട്‌ എഴുന്നള്ളിപ്പു നടക്കുന്നു.)



ശങ്കരാചാര്യരുടെ കാവിക്ക്‌ തീകൊടുക്കാന്‍, അഭയാഘാതകരുടുത്ത ളോഹ അഴിച്ചു കടലിലെറിയാന്‍, പലരം ചോര കൊടുത്തു പണിത പാര്‍ട്ടിക്കു മുകളില്‍ എഴുന്നള്ളുന്ന ഈ ദുര്‍ഭൂതത്തോട്‌ ഗോ ബാക്ക്‌ പറയാനൊക്കെ ചങ്കൂറ്റം കാണിക്കുന്ന ഒരു നീതിബോധമുള്ള ജനത എപ്പോഴാണാവോ ഉണര്‍ന്നുവരിക ?

Friday, January 2, 2009

ജനകീയജനാധിപത്യ വിപ്ലവം

പുതുവര്‍ഷ പുലരിയില്‍ മലയാളികള്‍ കോടികള്‍ കള്ളു കുടിച്ചു തുലച്ചെന്നും, മാര്‍ക്‌സിസ്‌റ്റ്‌ു തമ്പ്രാക്കന്‍മാര്‍ പോലിസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകൊണ്ടും പോയെന്നും മറ്റുമുള്ള പതിവു വാര്‍ത്തകളോടെ തന്നെയാണ്‌ മലയാളി 2009നേയും വരവേറ്റത്‌.

പോലീസ്‌ സ്‌റ്റേഷനുകള്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകോണ്ടുപോവുക എന്ന സി.പി.എം. ഏര്‍പ്പാട്‌ കേരളത്തില്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി. പോലീസ്‌ സ്‌റ്റേഷനുകള്‍ക്കു മുമ്പില്‍ വെച്ചുതന്നെ ബോംമ്പ്‌ നിര്‍മ്മിക്കുമെന്ന്‌ ഗീര്‍വാണം വിട്ട ആഭ്യന്തരമന്ത്രി ഭരിക്കു്‌ന്ന നാട്ടിലെ ജനാധിപത്യം ഇവ്വണ്ണമാവും.

"ഭരണകൂടത്തിന്റെ മര്‍ദ്ദന കേന്ദ്രങ്ങളാണ്‌ പോലീസ്‌ സ്‌റ്റേഷനുകള്‍" എന്ന പഴയ പല്ലവിയൊന്നും ഇക്കൂട്ടര്‍ ഇപ്പോള്‍ പറയാറില്ല. ഭരിക്കുന്നതും നമ്മള്‍, ഭരിക്കപ്പെടുന്നതും നമ്മള്‍, പോലീസും നമ്മള്‍, ക്രിമിനലുകളും നമ്മള്‍.... " അങ്ങിനെ അങ്ങിനെയുള്ള ജനകീയജനാധിപത്യ വിപ്ലവകാലത്ത്‌ ഇതിലൊക്കെ അതിശയം കൂറുന്ന പൊതുജനം പണ്ടേ കഴുത തന്നെ.

ഇന്ന്‌ ഡിവൈഏഫ്‌ഐ ക്കാരന്‍ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിക്കുന്നതുപോലെ നാളെ സംഘപരിവാറുകാരനും എന്‍ഡിഎഫു കാരനും ജമാഅത്തെ ഇസ്ലാമിക്കാരനും നക്‌സലേറ്റുകാരനും അതുപോലെ ചെയ്‌താല്‍ നാം ഏതു വകുപ്പിലാണോ ഇതിനെയൊക്കെ വകയിരുത്തുക എന്നൊരു സംശയം ഈയുള്ളവനുണ്ട്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) ഇന്ത്യന്‍ ഭരണഘടനേയും അതിന്റെ ജനാധിപത്യസമ്പ്രദായങ്ങളേയും മാനിച്ചുകൊണ്ട്‌ അതില്‍ ഇടപെടുന്ന ഒരു കക്ഷിരാഷ്ട്രീയപാര്‍ട്ടിയായി മാറിയിട്ട്‌ കാലം കുറേയേറെയായി. മതവര്‍ഗ്ഗീയത പ്രചരിപ്പിച്ചുകൊണ്ടിരുന്ന എന്‍.ഡി.എഫ്‌, ജമാഅത്തെ ഇസ്ലാമി, നക്‌സലേറ്റുകള്‍ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളായി രൂപം മാറുന്ന ഒരു കാലത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. ഭരണകൂട പാര്‍ട്ടിയായി മാറി കഴിഞ്ഞാല്‍ എന്തു തോന്ന്യാസവും ചെയ്യാം എന്ന പഴുതറിഞ്ഞാവാം ഇവരും ഈ ഏര്‍പ്പാടിനു തുനിഞ്ഞിറങ്ങിയത്‌.

അധികാരവും പണവും ഉള്ളവന്‌ നിയമപാലന സംവിധാനങ്ങളേയും എന്തിന്‌ കോടതികളെപോലും സ്വാധീനിക്കാമെന്നും കയ്യേറ്റം ചെയ്യാമെന്നും അതില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍, (ഇവിടെ അഭയയുടെ ഘാതകരും സംഘപരിവാറുകാരനും എന്‍ഡിഎഫുകാരനും ഒരേ തൂവല്‍പക്ഷികള്‍ ) നാളെ പുതു തലമുറക്കു മുമ്പില്‍ മറുപടി പറയേണ്ടി വരും.