Tuesday, October 20, 2009

"നന്മയുടെ ഉറുക്കു കെട്ടാം"


ജീവിതത്തിന്റെ മുക്കാല്‍ പങ്കും വിശ്വസിച്ചു പ്രവര്‍ത്തിച്ച മൂല്യങ്ങള്‍ക്ക്‌ കടകവിരുദ്ധ ദിശയിലായി, നശിച്ച്‌ നാറാണക്കല്ലുകണ്ട്‌ പ്രേതങ്ങളായി മാറിയ നേതൃത്വങ്ങള്‍ അലഞ്ഞു തിരിയുന്ന മണ്ണിലാണ്‌ നാമിന്നു ജീവിക്കുന്നത്‌. എന്നാല്‍ ചില മരണ വാര്‍ത്തകളെങ്കിലും ഇന്ന്‌ ഈ നാടത്രക്കും കെട്ടുപോയിട്ടില്ലെന്ന സമാധാനം
നല്‍കുന്നു .

ജീവിതങ്ങളുടെ വൈപരീത്യങ്ങള്‍, അറിയാതെങ്കിലും പരിഹസിച്ചു നോക്കുന്ന ശീലം നമുക്കുണ്ടല്ലൊ. അങ്ങിനെ, ജീവിതകാലം മുഴുവന്‍ യുക്തിവാദിയായിരുന്ന തെരുവത്ത്‌ രാമന്‍ എന്ന കോഴിക്കോട്ടുകാരന്‍ പ്രദീപം പത്രാധിപരുടെ അരയിലെ "ഉറുക്ക്‌ " നോക്കി ഊറി ചിരിച്ചിരുന്നോ ചില പരിചാരകര്‍ ?

മരണശേഷം ആ ഉറക്കൊന്നു പൊട്ടിച്ചുനോക്കണമെന്ന്‌ അദ്ദേഹം മകളോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ വിശ്വസിച്ചിരുന്ന ദര്‍ശനത്തിന്റെ പ്രയോഗം ബോദ്ധ്യപ്പെട്ടത്‌ അങ്ങിനെയാണ്‌. തന്റെ ശവശരീരം കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കണമെന്നും, കണ്ണുകള്‍ ദാനം ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. അതു മാനിച്ച്‌ ബന്ധുക്കള്‍ അങ്ങിനെ തന്നെ ചെയ്യുകയും ചെയ്‌തു.

ഭരണകൂടത്തിന്റെ വെടി പൊട്ടിക്കലുകള്‍ അകമ്പടി സേവിച്ച്‌ മണ്‍കുഴിയിലേക്ക്‌ കമിഴ്‌ന്നു വീഴുന്നതിനേക്കാള്‍ എത്ര മഹത്തരം ഈ പ്രവര്‍ത്തി.

രണ്ടാഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഇതേ പോലെ മറ്റൊരു സദ്‌ വാര്‍ത്തയും ഉണ്ടായിരുന്നു. കാാസര്‍കോഡ്‌ മുനിസിപ്പാലിറ്റിയുടെ ജനനം മുതല്‍ കുറേ കാലത്തോളം ചെയര്‍മാനായിരുന്ന, പിന്നെ കുറേ കാലം പാര്‍ലിമെന്റേറിയനായ സഖാവ്‌. രാമണ്ണറൈയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കപ്പെട്ടതായിരുന്നു ആ വാര്‍ത്ത.

കൊടിയ കക്ഷിരാഷ്ട്രീയ വിദ്വേഷങ്ങള്‍ നടമാടുന്ന ആ നാട്ടില്‍ എതിര്‍കക്ഷിക്കാരനുമായി മക്കളുടെ വിവാഹം നടത്തിയ അദ്ദേഹം അങ്ങിനെയും ചിലരുടെ മുറുമുറുപ്പിന്‌ ഇടവരുത്തിയിരുന്നു. (ജാതി നോക്കി കെട്ടിച്ചു എന്നതായിരുന്നു മറുകണ്ടം ചാടിയ ആരോപണം. രാമണ്ണറൈയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിലെ സ്‌റ്റാഫായ സാക്ഷാല്‍ അഴീക്കോടന്‍ രാഘവന്റെ മകന്‍, അവിടെ തന്നെ സ്‌റ്റാഫായ ഒരു ക്രിസ്‌ത്യാനി പെണ്‍കുട്ടിയെ കല്ല്യാണം കഴിച്ചതു കാരണം, എത്ര കാ
ലം പാര്‍ട്ടി സഖാക്കളുടെ വീട്ടില്‍ നിന്നും ഭ്രഷ്ടനുഭവിക്കേണ്ടി വന്നു എന്ന കാര്യം കൂടി ഈ മറുകണ്ടം ചാട്ടക്കാര്‍ അന്വേഷിക്കട്ടെ.)



No comments: