Wednesday, October 21, 2009

മാധ്യമ സിന്‍ഡിക്കേറ്റ്‌

കേരളത്തിലെ മാധ്യമങ്ങള്‍ക്കുണ്ടെന്ന്‌ സി.പി.എം. പറയുന്ന നീരസത്തെ നിഷ്‌പ്രഭമാക്കും കണ്ണൂരിലെ ടോയ്‌ലെറ്റ്‌ ചുമരുകള്‍. പിണറായിക്കും കോടിയേരിക്കും എതിരെ ചീറിയടുക്കുകയാണ്‌ കണ്ണൂരിലേയും തലശ്ശേരിയിലേയും സകല മുത്രപ്പുരകളും..... സചിത്രങ്ങളായ നീരസങ്ങള്‍... നഗ്നമായ വെറുപ്പിന്റെ ആവിഷ്‌കാരങ്ങള്‍... തമിഴ്‌നാട്ടില്‍ നിന്നുള്ള തടിവട്ടുകാര്‍ക്കുപോലും കീറാമുട്ടിയായ മുട്ടന്‍ തെറികള്‍.... പാര്‍ട്ടിയുടെ മൂത്രം മൂന്നു നാളേക്കെങ്കിലും നിന്നു പോവുന്നത്ര രൂക്ഷം. എത്ര സമയം കക്കൂസില്‍ ചിലവഴിച്ചാലും കണ്ടുതീര്‍ക്കാനാവില്ല നിസ്സീമമായ ഈ ' സ്‌നേഹ വായ്‌പ്‌ '.വിഎസ്സിനെതിരേയോ കോണ്‍ഗ്രസ്സുകാര്‍ക്കെതിരേയോ ഒറ്റ തെറിയുമില്ല. കാവ്യമാധവനോടോ സയന്‍സിനോടോ ഉള്ള നഗ്നവും വേദനാജനകവുമായ അപേക്ഷകളില്ല, അടിമുടി രാഷ്ട്രീയം, ഉടുമുണ്ടഴിച്ച മാധ്യമ സിന്‍ഡിക്കേറ്റ്‌ !!...

-കല്‍പറ്റ നാരായണന്‍ (പാഠഭേദം, സെപ്‌തംബര്‍ ലക്കം)

ഏതോ സോപ്പിന്റെ പരസ്യം പോലെ, "നമുക്കെല്ലാം മറക്കാം, ഇതാ ഒര്‌ ഒറ്റമുലിയെന്ന്‌ " മാര്‍ക്‌സിസത്തെ ചൂണ്ടി ആണയിട്ട്‌. ജനാധിപത്യത്തേയും സകല ബഹുസ്വരതകളേയും തല്ലിക്കെടുത്താന്‍ മിനക്കെട്ട നമ്മുടെ സഖാക്കളുടെ കീഴ്‌മേല്‍ മറിച്ചിലാണ്‌ കല്‍പറ്റ സൂചിപ്പിച്ച കക്കൂസെഴുത്തുകളിലൂടെ പ്രതിഫലിച്ചത്‌. കാലു വെട്ടിപ്പോവാതിരിക്കാന്‍ കക്കൂസുകളിലോ പോളിംഗ്‌ ബൂത്തുകളിലൂടെയോ അവര്‍ പ്രതികരിക്കുന്നു. കെ. സുധാകരനെപോലെ ഒരാളെ മുന്‍പിന്‍ നോക്കാതെ ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ എന്താണ്‌ കാരണമെന്ന്‌ പോളിറ്റ്‌ ബ്യൂറോ ചര്‍ച്ച ചെയ്‌തോ ആവോ ? പണ്ടുള്ളവര്‍ പേറിയ സകല നന്മകളേയും ഇല്ലാതാക്കുന്ന, അധികാരത്തിന്റെ അഹന്ത പ്രകടിപ്പിച്ച്‌ ജനാധിപത്യദ്രോഹം നടപ്പിലാക്കുന്ന നമ്മുടെ സഖാക്കള്‍, എന്നാണാവോ ഈ മസിലുപിടുത്തമൊന്ന്‌ അയച്ചുവിടുക ?

1 comment:

-: നീരാളി :- said...

കോഴിക്കോട്‌ ഗവണ്‍മെന്റ്‌ പോളിടെക്‌നിക്കില്‍ ഈ വര്‍ഷം നടന്ന കാമ്പസ്‌ ഇലക്ഷനില്‍ എ.ബി.വി.പി. കാരന്റേയോ, കെ.എസ്‌.യു കാരന്റേയോ എം.എസ്‌.എഫുകാരന്റേയോ തോരണങ്ങളോ, ഫ്‌ളക്‌സ്‌ ബോര്‍ഡുകളോ എന്തിന്‌, സ്ഥാനാര്‍ത്ഥികളോ ഉണ്ടായിരുന്നില്ല. എസ്‌.എഫ്‌.ഐയും ജമാഅത്തെ ഇസ്സാമിയുടെ വിദ്യാര്‍ത്ഥിസംഘടനയായ എസ്‌.ഐ.ഒ. യും മാത്രമാണ്‌ അങ്കക്കളത്തിലുണ്ടായിരുന്നത്‌.