Wednesday, December 23, 2009

വള്ളിക്കുന്നുകള്‍



വായിക്കുക :

കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍


എന്തായാലും ഈ വാക്കുകളെ ഹൃദയത്തോടു ചേര്‍ക്കുന്നു.

Friday, December 18, 2009

മാധ്യമങ്ങളെ കല്ലെറിയുമ്പോള്‍

"മാധ്യമ" കേസരികള്‍ തൊട്ട്‌ ബൂലോഗതറവാട്ടു കാരണവര്‍ അനോണിമാഷുവരെയുള്ളവര്‍ക്ക്‌ മലയാള മാധ്യമങ്ങളെക്കുറിച്ച്‌ പരാതികള്‍ ഏറെ. സ്‌ത്രീപീഠനവീരന്‍ സ്വാമി ശങ്കരാചാര്യര്‍, സന്തോഷ്‌മാധവന്‍, ആള്‍ദൈവങ്ങള്‍ തുടങ്ങിയ ഏടാകൂടങ്ങളെക്കുറിച്ച്‌ വാര്‍ത്തവന്നപ്പോള്‍ സംഘപരിവാറുകാരന്‍ മാധ്യമങ്ങള്‍ക്കെതിരെ വാളോങ്ങി, ലാവ്‌ലിന്‍കേസും അളിഞ്ഞ ഇടതുപക്ഷ വാര്‍ത്തകളും വന്നപ്പോള്‍ സിപിഎമ്മായി മറുപക്ഷത്ത്‌, അഭയകേസും ധ്യാനകേന്ദ്രങ്ങളുടെ ദുരൂഹതകളും വാര്‍ത്തയായപ്പോള്‍ കത്തോലിക്കര്‍, തെരുവോരങ്ങളില്‍ ബോംബുവെച്ചു നിരപരാധികളെ കൊന്നൊടുക്കിയപ്പോള്‍, അതിന്റെ ചങ്ങലകള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ സൂഫിയ മദനിയുടെ പേരില്‍ ന്യൂനപക്ഷ വികാരങ്ങള്‍ ഇളക്കിവിട്ട്‌ അങ്ങിനെ ചിലരായി മാധ്യമങ്ങള്‍ക്കെതിരെ. ഏറെ രസകരം ഇവരുടെയൊക്കെ മറുപക്ഷ വാര്‍ത്തകള്‍ വരുമ്പോള്‍ ആഘോഷിച്ചതും ഇവരില്‍ ചിലര്‍ തന്നെ.

വാര്‍ത്തകളിലൂടെ വരുന്ന വിഴുപ്പലക്കലുകളെ എല്ലാ അധികാരികളും ഇന്ന്‌ ഏറ ഭയപ്പെടുന്നു. ചില ചെറു വാര്‍ത്തകളും കള്ള വാര്‍ത്തകളും പൊടിപ്പും തൊങ്ങലും വെച്ച്‌ വേദികള്‍ പിടിച്ചടക്കി ആടാറുണ്ടെന്നതും അതിന്റെ പേരില്‍ പലരും ദുരിതമനുഭവിക്കേണ്ടി വരുന്നു എന്നതും വസ്‌തുത തന്നെ. തിരുത്തപ്പെടേണ്ടത്‌ കക്ഷിരാഷ്ട്രീയ കോങ്കണ്ണു കൊണ്ടല്ല, സത്യസന്ധമായ നിലപാടുകള്‍ കൊണ്ടും സാമൂഹിക ഉത്തരവാദിത്വം കൊണ്ടുമാണ്‌. (മറിയം റഷീദ കേസ്‌ പറഞ്ഞു വലുതാക്കിയത്‌ ദേശാഭിമാനിയായിരുന്നു എന്നത്‌ ചരിത്ര സത്യം)

ഒരു ദിവസത്തിനപ്പുറം വളര്‍ച്ച നേടാത്ത വാര്‍ത്തകളുടെ കോലാഹലങ്ങള്‍ സൃഷ്ടിച്ച്‌ വായനക്കാരനേയും കാഴ്‌ചക്കാരനേയും ഹരംകൊള്ളിച്ച്‌, അതിനപ്പുറമുള്ള സാമൂഹീക ദൗത്യത്തിലേക്ക്‌ വേരൂന്നാതെ പോവുന്ന പുത്തന്‍ മാധ്യമപ്രവര്‍ത്തന രീതി വിമര്‍ശിക്കപ്പെടേണ്ടതു തന്നെ. അതേ സമയം തന്നെ, നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ ജനപക്ഷത്തുനിന്നുകൊണ്ട്‌ നിലപാടെടുക്കുകയും കാര്യങ്ങളെയൊക്കെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ദൗത്യം ഭംഗിപൂര്‍വ്വം നിര്‍വ്വഹിക്കുന്നത്‌ മാധ്യമങ്ങളാണെന്നത്‌ യാതൊരു സംശയവും കൂടാതെ പറായവുന്നതാണ്‌. ഈ അളിഞ്ഞ രാഷ്ട്രീയക്കാരനും മതക്കാരും എന്താണ്‌ പൊതുസമൂഹത്തിനു വേണ്ടി ചെയ്യുന്നത്‌ ?

കേരളത്തിലെ ഇടതുഭരണമാറ്റത്തിന്‌ മാധ്യമങ്ങള്‍ പ്രമുഖ പങ്ക്‌ വഹിച്ചിരുന്നു എന്നത്‌ ഒരു വസ്‌തുത ആയിരിക്കെ. ഭരണത്തിലേറുമ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നതിന്റെ അയുക്തി എന്തുകൊണ്ടാണ്‌ മനസ്സിലാക്കപ്പെടാതെ പോവുന്നത്‌ ?

അധികാരവിരുദ്ധമായ മാധ്യമ നിലപാടുകള്‍ പലപ്പോഴും ചുഷണം ചെയ്യുന്നത്‌ പ്രതിപക്ഷ അധികാര മോഹികളാണ്‌ എന്നത്‌ മറ്റൊരു കാര്യം. ഒരു കെട്ടുറുപ്പുള്ള പൊതുസമൂഹ നിര്‍മ്മിതിയെ കക്ഷിരാഷ്ട്രീയരാഷ്ട്രീയക്കാര്‍ തന്ത്രപൂര്‍വ്വം പൊളിച്ചെറിയുന്നതാണ്‌ അതിനൊരു കാരണം.


Wednesday, October 21, 2009

മാധ്യമ സിന്‍ഡിക്കേറ്റ്‌

കേരളത്തിലെ മാധ്യമങ്ങള്‍ക്കുണ്ടെന്ന്‌ സി.പി.എം. പറയുന്ന നീരസത്തെ നിഷ്‌പ്രഭമാക്കും കണ്ണൂരിലെ ടോയ്‌ലെറ്റ്‌ ചുമരുകള്‍. പിണറായിക്കും കോടിയേരിക്കും എതിരെ ചീറിയടുക്കുകയാണ്‌ കണ്ണൂരിലേയും തലശ്ശേരിയിലേയും സകല മുത്രപ്പുരകളും..... സചിത്രങ്ങളായ നീരസങ്ങള്‍... നഗ്നമായ വെറുപ്പിന്റെ ആവിഷ്‌കാരങ്ങള്‍... തമിഴ്‌നാട്ടില്‍ നിന്നുള്ള തടിവട്ടുകാര്‍ക്കുപോലും കീറാമുട്ടിയായ മുട്ടന്‍ തെറികള്‍.... പാര്‍ട്ടിയുടെ മൂത്രം മൂന്നു നാളേക്കെങ്കിലും നിന്നു പോവുന്നത്ര രൂക്ഷം. എത്ര സമയം കക്കൂസില്‍ ചിലവഴിച്ചാലും കണ്ടുതീര്‍ക്കാനാവില്ല നിസ്സീമമായ ഈ ' സ്‌നേഹ വായ്‌പ്‌ '.വിഎസ്സിനെതിരേയോ കോണ്‍ഗ്രസ്സുകാര്‍ക്കെതിരേയോ ഒറ്റ തെറിയുമില്ല. കാവ്യമാധവനോടോ സയന്‍സിനോടോ ഉള്ള നഗ്നവും വേദനാജനകവുമായ അപേക്ഷകളില്ല, അടിമുടി രാഷ്ട്രീയം, ഉടുമുണ്ടഴിച്ച മാധ്യമ സിന്‍ഡിക്കേറ്റ്‌ !!...

-കല്‍പറ്റ നാരായണന്‍ (പാഠഭേദം, സെപ്‌തംബര്‍ ലക്കം)

ഏതോ സോപ്പിന്റെ പരസ്യം പോലെ, "നമുക്കെല്ലാം മറക്കാം, ഇതാ ഒര്‌ ഒറ്റമുലിയെന്ന്‌ " മാര്‍ക്‌സിസത്തെ ചൂണ്ടി ആണയിട്ട്‌. ജനാധിപത്യത്തേയും സകല ബഹുസ്വരതകളേയും തല്ലിക്കെടുത്താന്‍ മിനക്കെട്ട നമ്മുടെ സഖാക്കളുടെ കീഴ്‌മേല്‍ മറിച്ചിലാണ്‌ കല്‍പറ്റ സൂചിപ്പിച്ച കക്കൂസെഴുത്തുകളിലൂടെ പ്രതിഫലിച്ചത്‌. കാലു വെട്ടിപ്പോവാതിരിക്കാന്‍ കക്കൂസുകളിലോ പോളിംഗ്‌ ബൂത്തുകളിലൂടെയോ അവര്‍ പ്രതികരിക്കുന്നു. കെ. സുധാകരനെപോലെ ഒരാളെ മുന്‍പിന്‍ നോക്കാതെ ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ എന്താണ്‌ കാരണമെന്ന്‌ പോളിറ്റ്‌ ബ്യൂറോ ചര്‍ച്ച ചെയ്‌തോ ആവോ ? പണ്ടുള്ളവര്‍ പേറിയ സകല നന്മകളേയും ഇല്ലാതാക്കുന്ന, അധികാരത്തിന്റെ അഹന്ത പ്രകടിപ്പിച്ച്‌ ജനാധിപത്യദ്രോഹം നടപ്പിലാക്കുന്ന നമ്മുടെ സഖാക്കള്‍, എന്നാണാവോ ഈ മസിലുപിടുത്തമൊന്ന്‌ അയച്ചുവിടുക ?

Tuesday, October 20, 2009

"നന്മയുടെ ഉറുക്കു കെട്ടാം"


ജീവിതത്തിന്റെ മുക്കാല്‍ പങ്കും വിശ്വസിച്ചു പ്രവര്‍ത്തിച്ച മൂല്യങ്ങള്‍ക്ക്‌ കടകവിരുദ്ധ ദിശയിലായി, നശിച്ച്‌ നാറാണക്കല്ലുകണ്ട്‌ പ്രേതങ്ങളായി മാറിയ നേതൃത്വങ്ങള്‍ അലഞ്ഞു തിരിയുന്ന മണ്ണിലാണ്‌ നാമിന്നു ജീവിക്കുന്നത്‌. എന്നാല്‍ ചില മരണ വാര്‍ത്തകളെങ്കിലും ഇന്ന്‌ ഈ നാടത്രക്കും കെട്ടുപോയിട്ടില്ലെന്ന സമാധാനം
നല്‍കുന്നു .

ജീവിതങ്ങളുടെ വൈപരീത്യങ്ങള്‍, അറിയാതെങ്കിലും പരിഹസിച്ചു നോക്കുന്ന ശീലം നമുക്കുണ്ടല്ലൊ. അങ്ങിനെ, ജീവിതകാലം മുഴുവന്‍ യുക്തിവാദിയായിരുന്ന തെരുവത്ത്‌ രാമന്‍ എന്ന കോഴിക്കോട്ടുകാരന്‍ പ്രദീപം പത്രാധിപരുടെ അരയിലെ "ഉറുക്ക്‌ " നോക്കി ഊറി ചിരിച്ചിരുന്നോ ചില പരിചാരകര്‍ ?

മരണശേഷം ആ ഉറക്കൊന്നു പൊട്ടിച്ചുനോക്കണമെന്ന്‌ അദ്ദേഹം മകളോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ വിശ്വസിച്ചിരുന്ന ദര്‍ശനത്തിന്റെ പ്രയോഗം ബോദ്ധ്യപ്പെട്ടത്‌ അങ്ങിനെയാണ്‌. തന്റെ ശവശരീരം കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കണമെന്നും, കണ്ണുകള്‍ ദാനം ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. അതു മാനിച്ച്‌ ബന്ധുക്കള്‍ അങ്ങിനെ തന്നെ ചെയ്യുകയും ചെയ്‌തു.

ഭരണകൂടത്തിന്റെ വെടി പൊട്ടിക്കലുകള്‍ അകമ്പടി സേവിച്ച്‌ മണ്‍കുഴിയിലേക്ക്‌ കമിഴ്‌ന്നു വീഴുന്നതിനേക്കാള്‍ എത്ര മഹത്തരം ഈ പ്രവര്‍ത്തി.

രണ്ടാഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഇതേ പോലെ മറ്റൊരു സദ്‌ വാര്‍ത്തയും ഉണ്ടായിരുന്നു. കാാസര്‍കോഡ്‌ മുനിസിപ്പാലിറ്റിയുടെ ജനനം മുതല്‍ കുറേ കാലത്തോളം ചെയര്‍മാനായിരുന്ന, പിന്നെ കുറേ കാലം പാര്‍ലിമെന്റേറിയനായ സഖാവ്‌. രാമണ്ണറൈയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കപ്പെട്ടതായിരുന്നു ആ വാര്‍ത്ത.

കൊടിയ കക്ഷിരാഷ്ട്രീയ വിദ്വേഷങ്ങള്‍ നടമാടുന്ന ആ നാട്ടില്‍ എതിര്‍കക്ഷിക്കാരനുമായി മക്കളുടെ വിവാഹം നടത്തിയ അദ്ദേഹം അങ്ങിനെയും ചിലരുടെ മുറുമുറുപ്പിന്‌ ഇടവരുത്തിയിരുന്നു. (ജാതി നോക്കി കെട്ടിച്ചു എന്നതായിരുന്നു മറുകണ്ടം ചാടിയ ആരോപണം. രാമണ്ണറൈയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിലെ സ്‌റ്റാഫായ സാക്ഷാല്‍ അഴീക്കോടന്‍ രാഘവന്റെ മകന്‍, അവിടെ തന്നെ സ്‌റ്റാഫായ ഒരു ക്രിസ്‌ത്യാനി പെണ്‍കുട്ടിയെ കല്ല്യാണം കഴിച്ചതു കാരണം, എത്ര കാ
ലം പാര്‍ട്ടി സഖാക്കളുടെ വീട്ടില്‍ നിന്നും ഭ്രഷ്ടനുഭവിക്കേണ്ടി വന്നു എന്ന കാര്യം കൂടി ഈ മറുകണ്ടം ചാട്ടക്കാര്‍ അന്വേഷിക്കട്ടെ.)



Saturday, June 13, 2009

വാക്കുകള്‍ കോടികള്‍ വിഴുങ്ങുമ്പോള്‍

കാണാനില്ല ലാവലിന്‍ തന്ന 12,01,364 കനേഡിയന്‍ ഡോളറും 210 കട്ടിലുകളും
എന്ന പോസ്‌റ്റിനുള്ള കമന്റ്‌

മലയാളിയുടെ സാമാന്യമായ പെരുമാറ്റ രീതികളുടെ ഒരു ചെറു മാതൃക തന്നെയാണ്‌ ചില മലയാളം ബ്ലോഗര്‍മാരുടെ ഇടപെടലുകളും. പൊതുവെ പറയുമ്പോള്‍ വിദ്യാഭ്യാസമോ, പക്വതയോ, ബോധമോ വര്‍ഗ്ഗസ്വഭാവമോ (തൊഴിലെടുക്കുന്നവന്റെ) അതിന്റെയൊക്കെ നന്മയോ ജനാധിപത്യബോധമോ ഒന്നും ഇവിടെ നിഴലിച്ചു കാണില്ല. -ജനാധിപത്യപരമായ സമീപനങ്ങള്‍ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താവുന്ന ഒരിടമായിട്ടുകൂടി- മലയാളിയുടെ വിഭജിതമായ, പ്രാകൃതമായ (ജാതീയമെന്നു തോന്നുന്ന സ്വഭാവങ്ങള്‍ അവലംഭിക്കുന്ന) ധാരണകളോട്‌ അള്ളിപ്പിടിച്ചുകിടന്നുകൊണ്ടുതന്നെയുള്ള ചില സാമൂഹിക പെരുമാറ്റ രീതികള്‍ തന്നെ ഇവയും. ഒരു പക്ഷേ, അടിയുറച്ച ഒരു സംസ്‌കാരമോ, വേരോട്ടമോ അവകാശപ്പെടാനില്ലാത്ത, മലയാളിയുടെ പ്രാകൃതമായ സാമൂഹിക ചുറ്റുപാടില്‍ നിന്നും ഉള്ള പെട്ടെന്നുള്ള ഒരു എടുത്തുചാട്ടത്തിന്റെ ഹാംഗ്‌ഓവാര്‍ കൊണ്ടാവാം ഇത്‌ ഇങ്ങിനെ സംഭവിക്കുന്നത്‌.

കൊലപാതകിയായ ശങ്കരാചാര്യര്‍ക്കുവേണ്ടി (ബിജെപിയുടെ "ഭാരത്‌ ബന്ദ്‌" എപ്പോഴും കേരളത്തിലും ജമ്മുവിലും മാത്രം), പെണ്‍വാണിഭക്കാരനായ നേതാവിനുവേണ്ടി, അഭയയുടെ കൊലപാതകികള്‍ക്കുവേണ്ടി.. അങ്ങിനെ അങ്ങിനെ.... ഇപ്പോഴിതാ കമ്മ്യൂണിസ്‌റ്റ്‌ അഴിമതി നേതാവിന്‌ വേണ്ടി (കമ്മ്യൂണിസ്‌റ്റുകാരന്‌ "നേതാവില്ല സഖാവേ" ഉള്ളൂ എന്നത്‌ ഒരു ചിതലെടുത്ത പ്രയോഗം)

ഒരു പക്ഷേ, കാര്യസാദ്ധ്യത്തിനുള്ള വല്ലാത്ത നന്ദിപ്രയോഗം, അല്ലെങ്കില്‍ ചില മതവിശ്വാസങ്ങള്‍പോലെ ആഴത്തിലുള്ള അടിമത്വബോധം, അല്ലാതെ മനുഷ്യര്‍ക്കിങ്ങിനെ ന്യായീകരിക്കാന്‍ കഴിയില്ല.

പിന്നെ, ലാവ്‌ലിന്‍ പണത്തിന്റെ കാര്യം. ഒരു പക്ഷേ, പോളിറ്റ്‌ബ്യൂറോവരെ വിഹിതമെത്തിക്കഴിഞ്ഞിരിക്കും. പാര്‍ട്ടി വരുമാനത്തിന്റെ കണക്കെടുക്കട്ടെ. പിന്നെ ഫാരിസ്‌ അബൂബക്കര്‍മാരുടെ ഡിമാറ്റ്‌ അക്കൗണ്ടുകളുടെ കണക്കും, ബിനാമി വിഹിതങ്ങളും.

ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ "രാഷ്ട്രീയമായി നേരിടും" എന്ന പ്രയോഗം പിന്നെ പാര്‍ട്ടി വിഴുങ്ങി. ഇപ്പോഴിതാ ഗവര്‍ണര്‍ക്കെതിരെ വാചകോലാഹലങ്ങള്‍. എന്തൊരു ഭരണഘടനാ സ്‌നേഹം ! . അതും തണുത്തത്‌ അഡ്വക്കറ്റ്‌ ജനറലിന്റെ റക്കമന്റേഷനില്‍ ഗവര്‍ണര്‍ക്ക്‌ സ്വയം തീരുമാനമെടുക്കാമെന്ന വാചകം വായിച്ചപ്പോള്‍... നടക്കട്ടെ... നടക്കട്ടെ .....

Tuesday, February 10, 2009

കഴുതപ്പുലികളുടെ കാലം




കഴിഞ്ഞദിവസം പു.ക.സ. ഭാരവാഹികള്‍ കോഴിക്കോട്‌ കൂടിച്ചേര്‍ന്ന്‌ ചരിത്രപ്രധാനമായ ഒരു തിരുമാനമെടുത്തത്രെ. KEN കുഞ്ഞഹമ്മദിനെതിരെ ("Kaണ്ടാല്‍ Eറിയേണ്ട Naaറി കുരങ്ങയമ്മദ്‌ " എന്ന്‌ ഒരു നാടന്‍ ചുമരെഴുത്ത്‌, എന്നിങ്ങിന) ഉള്ള 'അരാഷ്ട്രീയ അവഹേളന' ങ്ങള്‍ക്കെതിരെ ജില്ലാ അടിസ്ഥാനത്തില്‍ പൊതുയോഗങ്ങളും, പ്രകടനങ്ങളും പ്രചരണ പരിപാടികളും സംഘടിപ്പിക്കണം എന്നാണ്‌ ആണ്‌ ആ തീരുമാനം.





കൂടാതെ 'കുരങ്ങ്‌' എന്ന പ്രയോഗത്തെക്കുറിച്ചും അതിന്റെ "വാമൊഴി വഴക്ക"ത്തെക്കുറിച്ചും മൂപ്പര്‌ ഗവേഷണം തുടങ്ങിയെന്നാണ്‌ കേള്‍ക്കുന്നത്‌. ഓക്‌സഫോര്‍ഡ്‌ ഡിക്ഷ്‌ണറിയും, പാണീയനീയവും, ശബ്ദതാരാവലിയും മറ്റും വെച്ചു നിരത്തിയാണത്രെ ഗവേഷണം. പുരാണങ്ങളില്‍ 'ഉന്നതങ്ങളില്‍ ഇരിക്കുന്നവരായി' പലരും കുരങ്ങന്‍മാരുണ്ടെന്നും, ഭാഷയില്‍ "കുശലക്കാരന്‍", "ബുദ്ധിശാലി" എന്നിങ്ങിനെ അര്‍ത്ഥങ്ങളുണ്ടെന്നും മറ്റും മൂപ്പര്‌ കണ്ടെത്തിക്കഴിഞ്ഞു.



ഇതത്രയും സത്യമാണല്ലൊ. ഇതിനെ ചൊല്ലിയെന്തിനാണ്‌ പു.ക.സ. ഇങ്ങിനെ പുകയൂതുന്നത്‌ ?



എന്നാല്‍ ചിലര്‍ക്കെങ്കിലും പു.ക.സി.യുടെ പുകച്ചിലില്‍ ശരിയുണ്ടെന്നു തോന്നും ഈ മനുഷ്യനെതിരെ എന്തിനാണിത്രക്കധികം കോലാഹലം ?



അതിന്‌ പല കാരണങ്ങള്‍ ഉണ്ടെന്ന്‌ എനിക്കു തോന്നുന്നു. ഒന്നമതായി ഒരു കമ്മ്യൂണിസ്‌റ്റ്‌ ബു.ജി. ആയിരുന്ന ഇദ്ദേഹം, ആ ഒരു കാഴ്‌ചപ്പാടിന്റേയും കമിറ്റ്‌മെന്റിന്റേയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍, പ്രത്യേകിച്ച്‌ മത വിശ്വാസിയുടെ സാമുഹി ഇടപെടലുകളെക്കുറിച്ച്‌ അപഗ്രഥിക്കുകയും നാടു നീളേ സംഘടിപ്പിക്കപ്പെടുന്ന സെമിനാറുകളിലും സിമ്പോസിയങ്ങളില്‍ പങ്കെടുത്തു തിളങ്ങി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.



ആഗോളവല്‍ക്കരണം പെട്ടന്നല്ലെ ഇടിത്തീ പോലെ തലയില്‍ വന്നു വീണത്‌. ആളുകള്‍ക്കൊക്കെ സെമിനാറുകളിലും സിമ്പോസിയങ്ങളിലും താല്‍പര്യമില്ലാതായി. ടി.വി. ചാനലുകള്‍ വേണ്ടത്ര വിനോദം വിളമ്പി, ബുദ്ധിജീവികള്‍ പണിയില്ലാതെ തുലഞ്ഞുപോയി. പിന്നെ കുറേ വിവാദങ്ങള്‍ വിളിച്ചു വരുത്തി ശ്രദ്ധേയരാവാന്‍ ശ്രമം നടത്തി പലരും. അങ്ങിനെ ആ കൂട്ടത്തിലേക്ക്‌ കുഞ്ഞഹമ്മദും.



കുറേക്കൂടി കടന്ന്‌, മതവിരുദ്ധനായിരുന്ന കുഞ്ഞഹമ്മദ്‌ മുസ്ലീംവര്‍ഗ്ഗീയവാദികളുടെ ഓമനപുത്രനായി വേഷം മാറി. ഇന്ന്‌ ആകെ സെമിനാറുകളും പൊതു പരിപാടികളും നടക്കുന്നതും, മാസികകള്‍ വായിക്കുന്നതും മുസ്ലിംന്യൂനപക്ഷ വിഭാഗങ്ങളാണെന്ന്‌ മൂപ്പര്‌ പെട്ടെന്ന്‌ മനസ്സിലാക്കി, പുറമേ നിന്നും ഒഴുകിവരുന്ന ആളും അര്‍ത്ഥവും ഏറെ, പിന്നെന്തു നോക്കാന്‍ ? അവരുടെയൊക്കെ വേദികളില്‍ ഉപവിഷ്ടനായി. പാര്‍ട്ടിയെ അങ്ങിനെയൊരു പക്ഷത്തോട്‌ അടുപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. പാര്‍ട്ടിയില്‍ വളര്‍ന്നു വരുന്ന മാഫിയാ സംഘങ്ങളുടെ തോഴനായി, RSS ഉമ്മാക്കി ചൂണ്ടിക്കാട്ടി ഭയപ്പെടുത്തി സ്ഥാനം സുരക്ഷിതമാക്കി. (എന്നാല്‍ മത വിശ്വാസമോ അതിന്റെ ധാര്‍മ്മികതയേയോ നല്ല വശങ്ങളോ മൂപ്പര്‌ തൊട്ടു നോക്കുക പോലും ചെയ്‌തില്ല.)



അധികാര മേഖലകളിലെ ജീര്‍ണ്ണതയും അഴിമതിയും പടര്‍ന്നിറങ്ങി പൊതു സമൂഹത്തെപോലും കാര്‍ന്നുതിന്നുന്ന ഒരു വല്ലാത്ത സാമൂഹികപരിസരത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. മുമ്പൊക്കെ അഴിമതി എന്നത്‌ അകലങ്ങളിലെവിടെയോ, ഉന്നതങ്ങളിലെവിടേയോ ഉള്ള അരുതായ്‌മകളായി മാത്രമെ സാധാരണക്കാരന്‍ കണ്ടിരുന്നുള്ളു. ഇന്നത്‌ ഇതാ തൊട്ടടുത്ത്‌.



എന്നാല്‍ സത്യത്തോടും നീതിയോടും സാധാരണ എല്ലാ മനുഷ്യര്‍ക്കുമുണ്ടാവുന്ന കെടാതെ നില്‍ക്കുന്ന ഒരടുപ്പം ഇന്നുമുണ്ട്‌. അതാവാം സമൂഹത്തെ ഇവ്വണ്ണമെങ്കിലും നിലനിര്‍ത്തി പോരുന്നതും. അതുകൊണ്ടുതന്നെ ജീര്‍ണ്ണിച്ച അധികാര കേന്ദ്രങ്ങിലേക്ക്‌ വഴിതെറ്റിയെങ്കിലും എത്തിപ്പെടുന്ന, ചെറുതായെങ്കിലും നീതിബോധം കാണിക്കുന്ന മനുഷ്യരെ പൊതുജനം എന്നും ഹൃദയപൂര്‍വ്വം വരവേല്‍ക്കും. അങ്ങിനെയൊരാളായി വി.എസ്‌. അച്യൂതാനന്ദനെ ജനങ്ങള്‍ കരുതുന്നു. ഇങ്ങിനെ അല്‍പമെങ്കിലും സത്യസന്ധത കാണിക്കുന്ന മനുഷ്യരെ അഹമ്മദി കൊണ്ട്‌ കല്ലെറിയാന്‍ കൂഞ്ഞഹമ്മദിനെ പോലുള്ളവര്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും വി.എസിനോപ്പം നിന്ന്‌ ജനം കുഞ്ഞഹമ്മദിനെ 'കുരങ്ങഹമ്മ'ദെന്നു വിളിക്കും.




അനുബന്ധം:


'ജനശക്തി'യുടെ പുതിയ ലക്കത്തില്‍ ബാബൂ ഭരദ്വാജ്‌ `ഒരു മലബാര്‍ ഗ്രാമീണന്റെ പ്രതികരണം" എന്ന അടിക്കുറിപ്പോടെ എഴുതിയ ലേഖനം ഇതോടൊപ്പം വെക്കുന്നു:



Friday, February 6, 2009

ലവ്‌ലിന്‍ കരാര്‍ ബ്ലോഗില്‍

ലവ്‌ലിന്‍ കരാറിതാ ബ്ലോഗിലും വായിക്കൂ : SNC KSEB Contract

കൂട്ടത്തില്‍ അങ്കിളിന്റെ ബ്ലോഗില്‍ ഉശിരന്‍ ചര്‍ച്ചയും : സി.എ.ജി. പറഞ്ഞതും പറയാത്തതും

പൂതിയ ലോകത്ത്‌ കാര്യങ്ങളൊക്കെ സുതാര്യമാണ്‌. അധികമൊന്നും ഒളിച്ചുവെക്കാന്‍ പറ്റില്ല.അഭയ കേസില്‍ സിസ്റ്റര്‍ സെഫി ചെയ്‌തെന്നു പറയൂന്ന ക്രൂരത നമുക്കിവിടെ തെളിവോടെ കാണാന്‍ കഴിഞ്ഞെന്നു വരില്ല എന്നാല്‍ ഇങ്ങിനെ ചില കാര്യങ്ങള്‍ രേഖാമുലമായതിനാല്‍ ജനപക്ഷത്തിന്‌ വിധിപറയാനായി തെളിവുകള്‍ ഏറെ.

ഇതൊരു ഗ്രൂപ്പു വഴക്കിന്റെ, കക്ഷി രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാക്കി മാറ്റാതെ ജനതയെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നായി കണ്ട്‌ നിലപാടെടുക്കുക എന്നതാണ്‌ ഒരു പൗരന്‍ എന്ന നിലയില്‍ ചെയ്യേണ്ടത്‌.

Thursday, February 5, 2009

കലികാല കുതറ നാമം



കലികാലത്തിലെ 'കലി' എന്നാല്‍ അമ്പും വില്ലുമേന്തി ഒരു കുതിരപ്പുറമേറി വരുന്ന ഒരു ഭീകര സത്വമല്ല.


മറിച്ച്‌, കലി നമ്മുടെ കാഴ്‌ചകളെയൊക്കെ തല കീഴായി കാണിച്ചു തരും എന്ന്‌ മഹാഭാഗവത്തില്‍ പറഞ്ഞിട്ടുണ്ടത്രെ.


ഈ കൊടുത്ത ചിത്രം കണ്ട്‌ നിങ്ങള്‍ മറ്റൊന്നും തെറ്റിദ്ധരിക്കരുത്‌.അതൊരു പരസ്യമാണ്‌ കലികാലത്തിലെ 'നവ കേരള യാത്ര'യുടെ.


ഞാന്‍ പറഞ്ഞു വരാന്‍ ശ്രമിച്ചത്‌ ഒരു ബ്ലോഗുവായനക്കാരന്‍, ചില ഇടപെടലുകാരന്‍ എന്നൊക്കെയുള്ള നിലക്ക്‌ 'കുതറ അവലോകനം' എന്ന ബൂലോഗകൂട്ടായ്‌മയിലേക്ക്‌ കാലെടുത്തു വെച്ചു. ഈ കലികാലത്തില്‍ ഇത്തരം അവലോകനങ്ങള്‍ക്ക്‌ പ്രസക്തിയേറുമല്ലോ. ആ സ്ഥിതിക്ക്‌ എന്റെ പേരും ഒന്നു കുതറയാക്കിമാറ്റിയിരിക്കുന്നു: JareeN/NeeraJ

Thursday, January 29, 2009

രക്തസാക്ഷിദിനം





ചിത്രം : ഗൂഗിള്‍ SEARCH






ശിഖരങ്ങളില്ലാതെ ഒറ്റക്കൊരു ഊക്കന്‍ തെങ്ങു പോലെ ആകാശത്തോളം ഉയര്‍ന്നുനില്‍ക്കാന്‍ മനുഷ്യനാവില്ലല്ലൊ. ഒട്ടനവധി ശിഖരങ്ങളും ആഴങ്ങളില്‍ വേരുകളുമായാണ്‌ നമ്മുടെ നിലനില്‍പ്‌.. അതു കൊണ്ടാവാം മറ്റു ചില ജീവികളെ പോലെ ജനിച്ചപ്പൊഴെ നമ്മള്‍ മൂടും തട്ടി ഇറിങ്ങിയോടാത്തത്‌. ചുറ്റുപാടുള്ളവരുടെ സഹായം കൂടാതെ മനുഷ്യനു നിലനില്‍പില്ലാത്തതുകൊണ്ട്‌ നാം 'സാമൂഹിക മൃഗ'മായി.

പോസിറ്റീവോ നഗറ്റിവോ ആയികൊള്ളട്ടെ ഓരോ മനുഷ്യനും അറിഞ്ഞോ അറിയോതെയോ ഒരു സാമൂഹജിവി എന്ന നിലയിലുള്ള ദൗത്യം നിര്‍വ്വഹിക്കുന്നു.

തന്റേയും സഹജീവികളുടേയും വരാനിരിക്കുന്ന തലമുറകളുടേയും സന്തോഷത്തിനും നന്മ നിറഞ്ഞ ജീവിതത്തിനുമായി ബോധപൂര്‍വ്വം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനിടയില്‍ കൊല ചെയ്യപ്പെട്ടവരൊട്ടനവധി. രക്തസാക്ഷികളായി പരിഗണിക്കപ്പെടുന്ന ആ ഒരു പരമ്പരയുടെ പ്രവര്‍ത്തനഫലമാണ്‌ നാം ഇന്ന്‌ അനുഭവിക്കുന്ന പല സൗകര്യങ്ങളും സ്വാതന്ത്ര്യവും എന്നു പറഞ്ഞാല്‍ അത്‌ ഒരു അതിശയോക്തി ആവില്ല. നേരിട്ടുള്ള സാമൂഹിക പ്രവര്‍ത്തനം മാത്രമല്ല, സയന്‍സ്‌, സാങ്കേതികം, ദര്‍ശനം തുടങ്ങി എത്രയോ വിപുലമാണ്‌ അതിന്റെ മേഖല. അതിന്റെയൊക്കെ പരീക്ഷണ ശാലകളില്‍ മനുഷ്യസമൂഹത്തിനുവേണ്ടി പൊലിഞ്ഞുപോയവര്‍ എത്രയോ പേര്‍.

ചില നന്മകള്‍ സമൂഹത്തില്‍ സ്ഥാപിക്കാന്‍മാത്രമായിരുന്നില്ല, ചില തിന്മകള്‍ക്ക്‌ ഇടം നല്‍കാതിരിക്കാനും ചിലപ്പോള്‍ രക്തസാക്ഷിത്വങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നു. ഒരു അമ്പതു വര്‍ഷക്കാലത്തേക്കെങ്കിലും ഇന്ത്യന്‍ ഭരണ മേഖലയില്‍ നിന്നും കാവി ഫാസിസ്റ്റുകളെ അകറ്റിമാറ്റാന്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം കൊണ്ട്‌ കഴിഞ്ഞു.

അധികാരത്തിനോട്‌ പുറം തിരിഞ്ഞുനടന്ന ആ മഹാത്മാവിന്റെ രക്തസാക്ഷിദിനത്തില്‍, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ മനസ്സ്‌ നമിക്കട്ടെ.

Friday, January 23, 2009

ഈ ദുര്‍ഭൂതങ്ങളെ കടലിലെറിയുക

സംഘടിത ശക്തികൊണ്ടും ബലപ്രയോഗത്തിലൂടേയും തെറ്റുകളെ ന്യായികരിച്ച്‌ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള കുനിഷ്ടത്തരം നന്നായിട്ടറിയാവുന്നവരാണ്‌ ഇന്ത്യയിലെ കക്ഷിരാഷ്ട്രീയക്കാരും സംഘടിത മതശക്തികളും. ഒരു ശങ്കരാചാര്യര്‍ ബലാല്‍സംഗവീരനായും കൊലപാതകിയായും പിടിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ പോലും യാതൊരു ലജ്ജയുമില്ലാതെ ഹര്‍ത്താലാചരിച്ചു, 'ഭാരത്‌ മാതാ കീ...' വിളിക്കുന്ന ബിജെപിക്കാരന്‍. പെണ്‍വാണിഭകേസില്‍ കുടുങ്ങിയ കുഞ്ഞാലിക്കുട്ടിനെ ന്യായീകരിക്കാന്‍ മുസ്ലീംലീഗുകാരന്‍ കാട്ടികൂട്ടിയ കോപ്രായങ്ങളെല്ലാം സമീപകാല ചരിത്രം. അഭയകേസില്‍ പ്രതികളായി പാതിരിമാര്‍ പിടിക്കപ്പെട്ടപ്പോള്‍ എല്ലാതരം ക്രൈസ്‌തവ മൂല്യങ്ങളേയും കാറ്റില്‍ പറത്തി അവരെ ന്യായീകരിക്കാനിറങ്ങി പള്ളിക്കാരു മുഴുക്കെ. ഉന്നത മതമൂല്യങ്ങളെ, രാഷ്ട്രീയ ദര്‍ശനങ്ങളെ ചില വ്യക്തികള്‍ വൈകൃതത്തിലെത്തിക്കുമ്പോള്‍ അതിനെ ന്യായീകരിക്കേണ്ട ഗതികേടില്‍ രാഷ്ടീയക്കാരും മതക്കാരും എത്തുന്നുവെങ്കില്‍ ചരിത്രപരമായി അത്തരം ദര്‍ശനങ്ങളുടേയും വിശ്വാസങ്ങളുടേയും തകര്‍ച്ചയേയാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌.



പിന്നില്‍ സംഘടിത ശക്തിയുണ്ടെങ്കില്‍ ഏതു തെറ്റും ന്യായീകരിക്കാം, ശരിയായി ചിത്രീകരിക്കാം എന്ന ദയനീയ അവസ്ഥക്ക്‌ അവസാന തെളിവായി മാറുന്നു ലാവ്‌ലിന്‍ കേസിലുള്ള സി.പി.എം. നിലപാട്‌. പിന്തുണ പിന്‍വലിച്ചതിന്‌ കേന്ദ്രം പക വിട്ടുകയാണെന്ന്‌ പോളിറ്റ്‌ബ്യൂറോ. പിന്തുണ കൊടുത്തപ്പോള്‍ ഏതെല്ലാം കേസുകള്‍ മുക്കി എന്നു സാധാരണക്കാരന്‍ തിരിച്ചുചോദിച്ചാല്‍ എന്തു മറുപടിയാവും സഖാക്കളുടെ പക്ഷത്തു നിന്നുണ്ടാവുക ?



സി.പി.എം. 'നവകേരള' യാത്ര തുടങ്ങുകയാണത്രെ. പ്രധാന പരിപാടി കേരളത്തെ നവോന്മേഷത്തിലെത്തിക്കുകയല്ല, അഴിമതിക്കാരനെ ആനയും അമ്പാരിയും വെച്ച്‌ എഴുന്നള്ളിക്കുകയാണ്‌. കമ്മ്യൂണിസ്റ്റുകാരനെങ്ങിനെ ഇത്രത്തോളം ലജ്ജയില്ലാതായി പോയി ?



ഇന്ത്യയിലെ ജനാധിപത്യ സമ്പ്രദായങ്ങള്‍ക്കുളളിലായതകൊണ്ടല്ലെ ഇവരുടെ ഇക്കളിയൊക്കെ പുറത്തായതും അതൊന്നു ചുണ്ടിക്കാണിക്കാന്‍ നമുക്കൊക്കെ അവസരം കിട്ടിയതും. ഒരു കമ്മ്യൂണിസ്റ്റ്‌ ഇരുമ്പുമറക്കുള്ളിലായിരുന്നുവെങ്കില്‍ ചെഷസ്‌ക്യുവിനെപോല സ്വര്‍ണ്ണപാദുകവുമണിഞ്ഞ്‌ പിണറായി വിലസില്ലായിരുന്നോ. (പകരം ഇവിടെ ജനാധിപത്യ പഴുതുകളെ ഉപയോഗിച്ചുകൊണ്ട്‌ എഴുന്നള്ളിപ്പു നടക്കുന്നു.)



ശങ്കരാചാര്യരുടെ കാവിക്ക്‌ തീകൊടുക്കാന്‍, അഭയാഘാതകരുടുത്ത ളോഹ അഴിച്ചു കടലിലെറിയാന്‍, പലരം ചോര കൊടുത്തു പണിത പാര്‍ട്ടിക്കു മുകളില്‍ എഴുന്നള്ളുന്ന ഈ ദുര്‍ഭൂതത്തോട്‌ ഗോ ബാക്ക്‌ പറയാനൊക്കെ ചങ്കൂറ്റം കാണിക്കുന്ന ഒരു നീതിബോധമുള്ള ജനത എപ്പോഴാണാവോ ഉണര്‍ന്നുവരിക ?

Friday, January 2, 2009

ജനകീയജനാധിപത്യ വിപ്ലവം

പുതുവര്‍ഷ പുലരിയില്‍ മലയാളികള്‍ കോടികള്‍ കള്ളു കുടിച്ചു തുലച്ചെന്നും, മാര്‍ക്‌സിസ്‌റ്റ്‌ു തമ്പ്രാക്കന്‍മാര്‍ പോലിസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകൊണ്ടും പോയെന്നും മറ്റുമുള്ള പതിവു വാര്‍ത്തകളോടെ തന്നെയാണ്‌ മലയാളി 2009നേയും വരവേറ്റത്‌.

പോലീസ്‌ സ്‌റ്റേഷനുകള്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിച്ചുകോണ്ടുപോവുക എന്ന സി.പി.എം. ഏര്‍പ്പാട്‌ കേരളത്തില്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി. പോലീസ്‌ സ്‌റ്റേഷനുകള്‍ക്കു മുമ്പില്‍ വെച്ചുതന്നെ ബോംമ്പ്‌ നിര്‍മ്മിക്കുമെന്ന്‌ ഗീര്‍വാണം വിട്ട ആഭ്യന്തരമന്ത്രി ഭരിക്കു്‌ന്ന നാട്ടിലെ ജനാധിപത്യം ഇവ്വണ്ണമാവും.

"ഭരണകൂടത്തിന്റെ മര്‍ദ്ദന കേന്ദ്രങ്ങളാണ്‌ പോലീസ്‌ സ്‌റ്റേഷനുകള്‍" എന്ന പഴയ പല്ലവിയൊന്നും ഇക്കൂട്ടര്‍ ഇപ്പോള്‍ പറയാറില്ല. ഭരിക്കുന്നതും നമ്മള്‍, ഭരിക്കപ്പെടുന്നതും നമ്മള്‍, പോലീസും നമ്മള്‍, ക്രിമിനലുകളും നമ്മള്‍.... " അങ്ങിനെ അങ്ങിനെയുള്ള ജനകീയജനാധിപത്യ വിപ്ലവകാലത്ത്‌ ഇതിലൊക്കെ അതിശയം കൂറുന്ന പൊതുജനം പണ്ടേ കഴുത തന്നെ.

ഇന്ന്‌ ഡിവൈഏഫ്‌ഐ ക്കാരന്‍ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ പ്രതികളെ മോചിപ്പിക്കുന്നതുപോലെ നാളെ സംഘപരിവാറുകാരനും എന്‍ഡിഎഫു കാരനും ജമാഅത്തെ ഇസ്ലാമിക്കാരനും നക്‌സലേറ്റുകാരനും അതുപോലെ ചെയ്‌താല്‍ നാം ഏതു വകുപ്പിലാണോ ഇതിനെയൊക്കെ വകയിരുത്തുക എന്നൊരു സംശയം ഈയുള്ളവനുണ്ട്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) ഇന്ത്യന്‍ ഭരണഘടനേയും അതിന്റെ ജനാധിപത്യസമ്പ്രദായങ്ങളേയും മാനിച്ചുകൊണ്ട്‌ അതില്‍ ഇടപെടുന്ന ഒരു കക്ഷിരാഷ്ട്രീയപാര്‍ട്ടിയായി മാറിയിട്ട്‌ കാലം കുറേയേറെയായി. മതവര്‍ഗ്ഗീയത പ്രചരിപ്പിച്ചുകൊണ്ടിരുന്ന എന്‍.ഡി.എഫ്‌, ജമാഅത്തെ ഇസ്ലാമി, നക്‌സലേറ്റുകള്‍ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളായി രൂപം മാറുന്ന ഒരു കാലത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. ഭരണകൂട പാര്‍ട്ടിയായി മാറി കഴിഞ്ഞാല്‍ എന്തു തോന്ന്യാസവും ചെയ്യാം എന്ന പഴുതറിഞ്ഞാവാം ഇവരും ഈ ഏര്‍പ്പാടിനു തുനിഞ്ഞിറങ്ങിയത്‌.

അധികാരവും പണവും ഉള്ളവന്‌ നിയമപാലന സംവിധാനങ്ങളേയും എന്തിന്‌ കോടതികളെപോലും സ്വാധീനിക്കാമെന്നും കയ്യേറ്റം ചെയ്യാമെന്നും അതില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍, (ഇവിടെ അഭയയുടെ ഘാതകരും സംഘപരിവാറുകാരനും എന്‍ഡിഎഫുകാരനും ഒരേ തൂവല്‍പക്ഷികള്‍ ) നാളെ പുതു തലമുറക്കു മുമ്പില്‍ മറുപടി പറയേണ്ടി വരും.