Friday, January 23, 2009

ഈ ദുര്‍ഭൂതങ്ങളെ കടലിലെറിയുക

സംഘടിത ശക്തികൊണ്ടും ബലപ്രയോഗത്തിലൂടേയും തെറ്റുകളെ ന്യായികരിച്ച്‌ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള കുനിഷ്ടത്തരം നന്നായിട്ടറിയാവുന്നവരാണ്‌ ഇന്ത്യയിലെ കക്ഷിരാഷ്ട്രീയക്കാരും സംഘടിത മതശക്തികളും. ഒരു ശങ്കരാചാര്യര്‍ ബലാല്‍സംഗവീരനായും കൊലപാതകിയായും പിടിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ പോലും യാതൊരു ലജ്ജയുമില്ലാതെ ഹര്‍ത്താലാചരിച്ചു, 'ഭാരത്‌ മാതാ കീ...' വിളിക്കുന്ന ബിജെപിക്കാരന്‍. പെണ്‍വാണിഭകേസില്‍ കുടുങ്ങിയ കുഞ്ഞാലിക്കുട്ടിനെ ന്യായീകരിക്കാന്‍ മുസ്ലീംലീഗുകാരന്‍ കാട്ടികൂട്ടിയ കോപ്രായങ്ങളെല്ലാം സമീപകാല ചരിത്രം. അഭയകേസില്‍ പ്രതികളായി പാതിരിമാര്‍ പിടിക്കപ്പെട്ടപ്പോള്‍ എല്ലാതരം ക്രൈസ്‌തവ മൂല്യങ്ങളേയും കാറ്റില്‍ പറത്തി അവരെ ന്യായീകരിക്കാനിറങ്ങി പള്ളിക്കാരു മുഴുക്കെ. ഉന്നത മതമൂല്യങ്ങളെ, രാഷ്ട്രീയ ദര്‍ശനങ്ങളെ ചില വ്യക്തികള്‍ വൈകൃതത്തിലെത്തിക്കുമ്പോള്‍ അതിനെ ന്യായീകരിക്കേണ്ട ഗതികേടില്‍ രാഷ്ടീയക്കാരും മതക്കാരും എത്തുന്നുവെങ്കില്‍ ചരിത്രപരമായി അത്തരം ദര്‍ശനങ്ങളുടേയും വിശ്വാസങ്ങളുടേയും തകര്‍ച്ചയേയാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌.



പിന്നില്‍ സംഘടിത ശക്തിയുണ്ടെങ്കില്‍ ഏതു തെറ്റും ന്യായീകരിക്കാം, ശരിയായി ചിത്രീകരിക്കാം എന്ന ദയനീയ അവസ്ഥക്ക്‌ അവസാന തെളിവായി മാറുന്നു ലാവ്‌ലിന്‍ കേസിലുള്ള സി.പി.എം. നിലപാട്‌. പിന്തുണ പിന്‍വലിച്ചതിന്‌ കേന്ദ്രം പക വിട്ടുകയാണെന്ന്‌ പോളിറ്റ്‌ബ്യൂറോ. പിന്തുണ കൊടുത്തപ്പോള്‍ ഏതെല്ലാം കേസുകള്‍ മുക്കി എന്നു സാധാരണക്കാരന്‍ തിരിച്ചുചോദിച്ചാല്‍ എന്തു മറുപടിയാവും സഖാക്കളുടെ പക്ഷത്തു നിന്നുണ്ടാവുക ?



സി.പി.എം. 'നവകേരള' യാത്ര തുടങ്ങുകയാണത്രെ. പ്രധാന പരിപാടി കേരളത്തെ നവോന്മേഷത്തിലെത്തിക്കുകയല്ല, അഴിമതിക്കാരനെ ആനയും അമ്പാരിയും വെച്ച്‌ എഴുന്നള്ളിക്കുകയാണ്‌. കമ്മ്യൂണിസ്റ്റുകാരനെങ്ങിനെ ഇത്രത്തോളം ലജ്ജയില്ലാതായി പോയി ?



ഇന്ത്യയിലെ ജനാധിപത്യ സമ്പ്രദായങ്ങള്‍ക്കുളളിലായതകൊണ്ടല്ലെ ഇവരുടെ ഇക്കളിയൊക്കെ പുറത്തായതും അതൊന്നു ചുണ്ടിക്കാണിക്കാന്‍ നമുക്കൊക്കെ അവസരം കിട്ടിയതും. ഒരു കമ്മ്യൂണിസ്റ്റ്‌ ഇരുമ്പുമറക്കുള്ളിലായിരുന്നുവെങ്കില്‍ ചെഷസ്‌ക്യുവിനെപോല സ്വര്‍ണ്ണപാദുകവുമണിഞ്ഞ്‌ പിണറായി വിലസില്ലായിരുന്നോ. (പകരം ഇവിടെ ജനാധിപത്യ പഴുതുകളെ ഉപയോഗിച്ചുകൊണ്ട്‌ എഴുന്നള്ളിപ്പു നടക്കുന്നു.)



ശങ്കരാചാര്യരുടെ കാവിക്ക്‌ തീകൊടുക്കാന്‍, അഭയാഘാതകരുടുത്ത ളോഹ അഴിച്ചു കടലിലെറിയാന്‍, പലരം ചോര കൊടുത്തു പണിത പാര്‍ട്ടിക്കു മുകളില്‍ എഴുന്നള്ളുന്ന ഈ ദുര്‍ഭൂതത്തോട്‌ ഗോ ബാക്ക്‌ പറയാനൊക്കെ ചങ്കൂറ്റം കാണിക്കുന്ന ഒരു നീതിബോധമുള്ള ജനത എപ്പോഴാണാവോ ഉണര്‍ന്നുവരിക ?

2 comments:

ഉടുക്കാക്കുണ്ടന്‍ said...

കോള്ളാം സഖാവെ കൊള്ളാം

ജഗ്ഗുദാദ said...

janangal kazhuthakal aanenne..ningalkk avare kabalippikan ariyamo? ennal you would be successful...