Thursday, January 29, 2009

രക്തസാക്ഷിദിനം





ചിത്രം : ഗൂഗിള്‍ SEARCH






ശിഖരങ്ങളില്ലാതെ ഒറ്റക്കൊരു ഊക്കന്‍ തെങ്ങു പോലെ ആകാശത്തോളം ഉയര്‍ന്നുനില്‍ക്കാന്‍ മനുഷ്യനാവില്ലല്ലൊ. ഒട്ടനവധി ശിഖരങ്ങളും ആഴങ്ങളില്‍ വേരുകളുമായാണ്‌ നമ്മുടെ നിലനില്‍പ്‌.. അതു കൊണ്ടാവാം മറ്റു ചില ജീവികളെ പോലെ ജനിച്ചപ്പൊഴെ നമ്മള്‍ മൂടും തട്ടി ഇറിങ്ങിയോടാത്തത്‌. ചുറ്റുപാടുള്ളവരുടെ സഹായം കൂടാതെ മനുഷ്യനു നിലനില്‍പില്ലാത്തതുകൊണ്ട്‌ നാം 'സാമൂഹിക മൃഗ'മായി.

പോസിറ്റീവോ നഗറ്റിവോ ആയികൊള്ളട്ടെ ഓരോ മനുഷ്യനും അറിഞ്ഞോ അറിയോതെയോ ഒരു സാമൂഹജിവി എന്ന നിലയിലുള്ള ദൗത്യം നിര്‍വ്വഹിക്കുന്നു.

തന്റേയും സഹജീവികളുടേയും വരാനിരിക്കുന്ന തലമുറകളുടേയും സന്തോഷത്തിനും നന്മ നിറഞ്ഞ ജീവിതത്തിനുമായി ബോധപൂര്‍വ്വം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനിടയില്‍ കൊല ചെയ്യപ്പെട്ടവരൊട്ടനവധി. രക്തസാക്ഷികളായി പരിഗണിക്കപ്പെടുന്ന ആ ഒരു പരമ്പരയുടെ പ്രവര്‍ത്തനഫലമാണ്‌ നാം ഇന്ന്‌ അനുഭവിക്കുന്ന പല സൗകര്യങ്ങളും സ്വാതന്ത്ര്യവും എന്നു പറഞ്ഞാല്‍ അത്‌ ഒരു അതിശയോക്തി ആവില്ല. നേരിട്ടുള്ള സാമൂഹിക പ്രവര്‍ത്തനം മാത്രമല്ല, സയന്‍സ്‌, സാങ്കേതികം, ദര്‍ശനം തുടങ്ങി എത്രയോ വിപുലമാണ്‌ അതിന്റെ മേഖല. അതിന്റെയൊക്കെ പരീക്ഷണ ശാലകളില്‍ മനുഷ്യസമൂഹത്തിനുവേണ്ടി പൊലിഞ്ഞുപോയവര്‍ എത്രയോ പേര്‍.

ചില നന്മകള്‍ സമൂഹത്തില്‍ സ്ഥാപിക്കാന്‍മാത്രമായിരുന്നില്ല, ചില തിന്മകള്‍ക്ക്‌ ഇടം നല്‍കാതിരിക്കാനും ചിലപ്പോള്‍ രക്തസാക്ഷിത്വങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നു. ഒരു അമ്പതു വര്‍ഷക്കാലത്തേക്കെങ്കിലും ഇന്ത്യന്‍ ഭരണ മേഖലയില്‍ നിന്നും കാവി ഫാസിസ്റ്റുകളെ അകറ്റിമാറ്റാന്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം കൊണ്ട്‌ കഴിഞ്ഞു.

അധികാരത്തിനോട്‌ പുറം തിരിഞ്ഞുനടന്ന ആ മഹാത്മാവിന്റെ രക്തസാക്ഷിദിനത്തില്‍, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ മനസ്സ്‌ നമിക്കട്ടെ.

No comments: